Friday, August 7, 2009

മുഴങ്ങാത്ത മണിയൊച്ച

കിലുങ്ങുന്നവ പലതുണ്ട്
ശരീരത്തിലെ കോശങ്ങള്‍

നര്‍ത്തനമാടുമ്പോള്‍ നൂപുര മണികള്‍

മഴത്തുള്ളികളേല്‍ക്കുമ്പോള്‍

ജനാലച്ചില്ലുകള്‍ കിലുങ്ങുന്നു

മേഘങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍

ഇടിനാദത്തിന്റെ മണികള്‍

സമയത്തെ സ്വന്തമാക്കി

സ്വപ്നങ്ങള്‍ കിലുങ്ങുന്നു

ആന്തരികമായ തകര്‍ച്ചകള്‍ തീര്‍ത്ത്

ഏകാന്തതയും കിലുങ്ങുന്നു

പ്രിയങ്കരമായ എന്റെ വാതില്‍ മണി മാത്രം

എന്നിട്ടും നിശബ്ദമായിരിക്കുന്നു


("The unrung ring" by Taslima Nasrin by this poem she annoyed Haseena)

Monday, August 3, 2009

സമാഗമം

നിലവിളികളുടെ പടിവാതില്‍ക്കല്‍ നിന്ന് പ്രണയം വിളിക്കുന്നു
വരിക എന്റേതാകുക
ഇനി നീയും ഞാനുമില്ല
അനാദിയായ യുഗ്മം മാത്രം
പാമ്പ് ഉറയെന്നപൊലെ
ലജ്ജ ഉരിഞ്ഞെറിയുന്നു
ഗ്രീഷ്മത്തിലെ മഞ്ഞു തുള്ളി പോലെ
ഞാന്‍ മാഞ്ഞു മാഞ്ഞു പോകുന്നു
ഉരുകിയൊലിക്കുന്ന അസ്തിത്വത്തിന്
ചോരയുടെ ചുവപ്പ് മാത്രം
ഇനി ഞാനൊരു കുരലില്ലാപ്പറവ
ഇനി ഞാനൊരു ചിറകില്ലാപ്പറവ

Wednesday, June 24, 2009

ഭ്രാന്തി

സൂചികള്‍ക്കിടയില്‍
തണുത്ത സമയം മുറിച്ച് തള്ളുന്ന ഘടികാരത്തിനും
ആവള്‍ക്കുമിടയില്‍ അകലം പ്രകാശ വര്‍ഷങ്ങള്‍
മഴയുടെ തൂവാനത്തിനും
ചേമ്പിലകളിലെ സംഗീതത്തിനും
പൂക്കളുടെ ധാരാളിത്തത്തിനും
കിളി മൊഴികള്‍ക്കും
ഇളക്കാനാവാത്ത നിശ്ശൂന്യതയുടെ ആഴങ്ങള്‍
കുഞ്ഞിന്റെ ചിരിയും കരച്ചിലും
അടൂപ്പിന്റെ കുറുകലും
തുറക്കാ‍ത്ത അടഞ്ഞ വാതിലുകള്‍
സ്വയം കണ്ടെത്തലുകളിലും മറവികളിലും വിട രുന്ന
ഉന്മാദപ്പൂക്കള്‍
സ്വപ്നങ്ങള്‍ കൊഴിഞ്ഞൊടുങ്ങുമ്പോള്‍
എന്നെയും നിങ്ങള്‍ വിളിക്കും ആ പേര്

അടുക്കള യന്ത്രം

ഓടിയെത്താനവത്ത ദൂരങ്ങള്‍ അളന്നു തീര്‍ക്കുക
എല്ലാ‍ ഭാഗങ്ങളും എല്ലാ സമയത്തും സുസജ്ജമാകുക
കേടുപാടുകള്‍ സ്വയം തീര്‍ത്ത്
നിര്‍ത്താതെ ഓടുക
എവിടെ കിട്ടും ഈ യന്ത്രം?
അധികം തിരയേണ്ട
അവിടെ തന്നെയുണ്ട്
നിങ്ങളുടെ അടുക്കള യന്ത്രം